കൊച്ചി: ചരക്കുഗതാഗതത്തിൽ ഓൺലൈൻ സേവനവുമായി മലയാളി സംരംഭകൻ. രാജ്യത്തെ വിവിധ ട്രക്ക് ഓപ്പറേറ്റർമാരുമായി സഹകരിച്ചുള്ള സിബി ലോജിസ്റ്റിക്സ് ഓൺലൈൻ എസ് 9 ആപ്പിനാണ് സിബി എം. ലൂക്കോസ് തുടക്കമിട്ടത്.
ഉപഭോക്താക്കൾ, ട്രക്ക് ഉടമകൾ, ഡ്രൈവർമാർ എന്നിവരെ ഒരേ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തിച്ച് ചരക്കുഗതാഗത സൗകര്യം ഏറ്റവും വേഗത്തിലും സുതാര്യവുമാക്കുന്നതാണ് എസ്9 ഡിജിറ്റൽ ആപ്പ്. കൃത്യസമയത്തു ഡെലിവറി, ട്രാക്കിംഗ്, ലളിതമായ പേമെന്റ് സൗകര്യം എന്നിവ ആപ്പിനുണ്ട്. മികച്ച ഉപഭോക്തൃ സേവനത്തിനായി ചരക്കുലോറി ശൃംഖലയും റിയൽ ടൈം ബുക്കിംഗ്, അഡ്വാൻസ്ഡ് ട്രാക്കിംഗ് സംവിധാനം എന്നിവയും തയാറാക്കിയിട്ടുണ്ട്.
നിർമിതബുദ്ധിയിലൂടെ അത്യാധുനിക സാങ്കേതികവിദ്യയിൽ വികസിച്ച എസ്9 ലോജിസ്റ്റിക് ആപ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ സിബി എം. ലൂക്കോസ് അറിയിച്ചു. മൂന്നുവർഷം കൊണ്ട് 10,000 ട്രക്കുകളെ ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാക്കാൻ സാധിച്ചു.
കേരളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിബി ലോജിസ്റ്റിക് എസ് 9 ആപ്പിന് പത്തു സംസ്ഥാനങ്ങളിൽ ഓഫീസ് പ്രവർത്തനമുണ്ട്.സേവനം രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കോട്ടയം സ്വദേശിയായ സിബി രാജ്യത്തെ പ്രമുഖ നിയന്ത്രിത ബ്ലാസ്റ്റിംഗ് വിദഗ്ധരായ സിബി മൈനിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചറിന്റെ സ്ഥാപകൻകൂടിയാണ്. സിബി ലോജിസ്റ്റിക്സിന്റെ ട്രക്ക് അഗ്രിഗേഷൻ എസ്9 കസ്റ്റമർ ആപ് പ്രവർത്തനോദ്ഘാടനം കൊച്ചിയിൽ നടന്നു.